കരുതലിൻ കരം ദിനം തോറും നമ്മെ നടത്തുന്നു.. കുറവുകൾ ഓർക്കാതെ

ഏറെ പ്രതികൂലമായ അവസ്ഥായിലൂടെ ആണ് ലോകം കടന്നു പോകുന്നത്. ധാരാളം ഭയപ്പെടുത്തുന്ന വാർത്തകൾ കേൾക്കുവാനും, ഭീതി ഉളവാക്കുന്ന കാര്യങ്ങൾ കാണുവാനും  സാദ്ധ്യതകൾ ഏറെ ഉണ്ട്. അത് നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാകാം, ഭാവി ജീവിതത്തെ മാനസികമായോ, ശാരീരികമായോ തളർത്തുന്നവയും  ആകാം. എന്നാൽ ഈ സാഹചര്യങ്ങളിലൂടെ എല്ലാം കടന്നു പോകുമ്പോൾ കർത്താവിനു നമ്മോടു പറയാനുള്ളത്, ഭയപ്പെടേണ്ട , ഞാൻ നിന്നോട് കൂടെ ഉണ്ട് എന്ന സമാധാനത്തിന്റെ വാക്കാണ്.

സങ്കീർത്തനം 57 ന്റെ ഒന്നാം വാക്യത്തിൽ  ദാവീദു ഇങ്ങനെ പ്രാത്ഥിക്കുന്നു  …

ദൈവമേ , എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

അടുത്തിടെ വായിക്കുവാൻ സാധിച്ച ഒരു കഥ നിങ്ങളോടു പങ്കുവെക്കുന്നു..

പ്രസിദ്ധമായ ലണ്ടനിലെ തൈയിംസ് നടിയുടെ കരയിൽ ജോനാഥൻ എൽവി എന്ന ഒരു  പാവപെട്ട മനുഷ്യൻ താമസിച്ചിരുന്നു. വലിയ ദൈവ ഭക്തൻ ആയ ആ മനുഷ്യൻ വലിയ പ്രാർത്ഥനാ  ജീവിതത്തിന്റെ ഉടമ ആയിരുന്നു. ഭാര്യ, ഒരു മകൻ എന്നിവർ അടങ്ങുന്ന ആ ചെറിയ  കുടുംബം വളരെ സന്തോഷത്തോടെ കൃഷിയും, വൈകുന്നേരങ്ങളിലെ മീൻ പിടുത്തവും ആയി ജീവിച്ചുപോന്നു. പലപ്പോഴും നിരാശനായി നദിക്കരയിൽ നിന്ന് വെറും കൈയ്യോടെ മടങ്ങി  വരുമ്പോഴും,  അദ്ദേഹം ഇങ്ങനെ പ്രാര്ഥിക്കാറുണ്ട്…

” ഇന്നേ ദിവസത്തേക്കാളും ശ്രേഷ്ഠമായി നാളെ നീ എനിക്കായി ഒരുക്കിയിരിക്കുന്നതിനെ ഓർത്തു നാഥാ നിനക്ക് നന്ദി…”.

തൻ്റെ അപ്പന്റെ പ്രാർത്ഥന കേൾക്കുന്ന മകൻ പിതാവിനോട് ചോദിക്കുന്നത് പതിവാണ് . എന്താണ് നാളേക്ക് വേണ്ടി  ദൈവം നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്?

ജോനാഥൻ ഇങ്ങനെ പറയും …

മകനെ, നമ്മൾ വിചാരിക്കുന്നതിനേക്കാൾ അപ്പുറമായി ദൈവം നമുക്കായി കരുതും. പക്ഷെ അത് എന്ത് എന്ന് നമ്മൾ ചിന്തിച്ചു ആകുലപ്പെടേണ്ട. കാരണം ദൈവത്തിന്റെ ദാനം ഏറ്റവും വിലയേറിയതാണ്.

പലപ്പോഴും തൈയിംസ് നദി മഴക്കാലത്ത് കരകവിഞ്ഞു  ഒഴുകാറുണ്ട്. മഴവെളപ്പാച്ചിലിൽ  ധാരാളം മൃഗങ്ങളും മരത്തടികളും ഒഴുകി വരും. ജോനാഥൻ അതെല്ലാം നീന്തി എടുത്തു അന്വേഷിച്ചു വരുന്നവർക്ക് തിരികെ നൽകും. ഒരിക്കൽ ഒരു മഴക്കാലത്ത് രാത്രിയിൽ ഒരു ആടിൻറെ കരച്ചിൽ കേട്ട് ജോനാഥനും മകനും ഉണർന്നു. കരച്ചിൽ കേട്ട സ്ഥലത്തേക്ക് നീന്തി ചെന്നപ്പോൾ ഒരു മരത്തടിയിൽ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്ടിൻകുട്ടി. അതിനെയും എടുത്തുകൊണ്ടു കരയിലേക്ക് കയറുമ്പോൾ മകൻ ചോദിച്ചു…

അപ്പാ, അടുത്ത ദിവസങ്ങളിൽ  ഇതിനെ അന്വേഷിച്ചു ആരും വന്നില്ലെങ്കിൽ, എനിക്ക് ഇതിനെ സൂപ്പ് ആക്കി തരുമോ? ജോനാഥൻ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു, ഇല്ല മകനെ, നിന്റെ അപ്പൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.

മകൻ പിന്നെയും ചോദിച്ചു. അപ്പാ.. ഇത് ദൈവം നമുക്ക് തന്ന സമ്മാനം ആണെങ്കിലോ..? ജോനാഥൻ ചിരിച്ചു കൊണ്ട് തുടർന്നു . ഇല്ല മകനെ , ആ സമ്മാനം ഞാൻ വേണ്ട എന്ന് വെക്കും.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വൃദ്ധയായ മനുഷ്യൻ തന്റെ ആടിനെ അന്വേഷിച്ചു ജോനാഥന്റെ വീട്ടിൽ എത്തി. തന്റെ അരുമയായ ആട്ടിൻകുട്ടിയെ തിരിച്ചു കിട്ടിയപ്പോൾ അയാൾക്ക്‌ വളരെ സന്തോഷമായിട്ട് ഇങ്ങനെ പറഞ്ഞു.

“മകനെ നീ ചെയ്യുന്ന ഈ നല്ല പ്രവൃത്തികൾക്ക് ദൈവം നിനക്ക് ഒരു വലിയ പ്രതിഫലം പകരം നൽകും …”.

ദിവസങ്ങൾ കടന്നു പോയി, ഒരു നാൾ ഇംഗ്ലണ്ടിൽ ശക്തമായ കാറ്റും പേമാരിയും തുടങ്ങി, ദിവസങ്ങൾ പോകും തോറും അത് ശക്തി പ്രാപിച്ചു, തൈയിംസ് നദി കര കവിഞ്ഞു ഒഴുകാൻ തുടങ്ങി…ജോനാഥന്റെ കൃഷിയിടം മുഴുവൻ വെള്ളത്തിൽ ആയി, ആഹാരത്തിനു ഉള്ള മാര്ഗങ്ങള് എല്ലാം അടഞ്ഞു. സന്ധ്യ ആയപ്പോൾ മകൻ വിശന്നു കരയുവാൻ  തുടങ്ങി..ജോനാഥൻ തന്റെ കുടുംബത്തെ ചേർത്ത് നിർത്തി ഇങ്ങനെ  പ്രാർത്ഥിച്ചു.

ദൈവമേ, എന്റെ കുടുംബത്തിനെ വിശപ്പ് മാറ്റുവാൻ അവിടുന്ന് സഹായിക്കേണമേ. ഞാൻ വിശ്വസിക്കുന്നു,  ഇന്നലെയെക്കാൾ ശ്രേഷ്ഠമായി  ഇന്ന് എന്നെ പോഷിപ്പിക്കുവാൻ കഴിവുള്ള ദൈവം ആണ് അവിടുന്ന്.

അവന്റെ പ്രാർത്ഥനയുടെ ശബ്ദം മഴയുടെ മുഴക്കത്തിൽ അലിഞ്ഞുപോയി.

അതിരാവിലെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടിട്ട് ജോനാഥൻ ഞെട്ടി ഉണർന്നു, ചുവരിലെ ക്ലോക്കിൽ പുലർച്ചെ നാല് മണി സമയം. ഈ നേരത്തു ആരാണ് ഇത്? കതകു വലിച്ചു തുറന്നു ജോനാഥൻ പുറത്തേക്കു നോക്കി. ഒരു വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ടത്. തൊട്ടു പുറകിൽ മഴക്കോട്ടും തൊപ്പിയും വച്ച ഒരു വലിയ മനുഷ്യൻ.

ആ മനുഷ്യൻ ജോനാഥനോടു ഇങ്ങനെ പറഞ്ഞു.

സ്നേഹിതാ എന്നെ ഒന്ന് സഹായിക്കാമോ?  ഞാൻ ഇംഗ്ളണ്ടിന്റെ വടക്കു ഉള്ള പട്ടണത്തിലെ ഒരു വ്യാപാരി ആണ്. ഞാൻ കച്ചവടത്തിനായി പോവുകയാണ്. പക്ഷെ കരകവിഞ്ഞു ഒഴുകുന്ന നദി എന്റെ യാത്രയെ ആകെ തകിടം മറിച്ചു .എന്റെ ബോട്ട് തകർന്നു പോകും. എന്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. അതിനാൽ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം. ഞാൻ എന്റെ ബോട്ട് ഇവിടെ അടുപ്പിച്ചിട്ടുണ്ട്, അതിന്റെ ഭാരം എനിക്ക് കുറക്കണം.നദിയിൽ കളയുവാൻ എനിക്ക് മനസ് വന്നില്ല, അപ്പോളാണ് താങ്കളുടെ വീടിന്റെ റാന്തൽ വെട്ടം  ഞാൻ കണ്ടത്.

ജോനാഥൻ ആ മനുഷ്യന്റെ കൂടെ ബോട്ട് അടുപ്പിച്ചു സ്ഥലത്തേക്ക് നടന്നു ചെന്നു.അയാൾ ഇറക്കി വെച്ചിരുന്ന സാധനങ്ങൾ നിറച്ച പെട്ടികൾ ഓരോന്നും  തന്റെ വീടിന്റെ തിണ്ണയിലേക്കു എടുത്തു വെച്ചുകൊണ്ട് ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു..ഞാൻ ഇത് ഇവിടെ സുരക്ഷിതമായി സൂക്ഷിച്ചുകൊള്ളാം. നിങ്ങൾ എപ്പോൾ വന്നാലും ഇത് മടക്കി എടുത്തു കൊണ്ട് പോകാം .ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: ഞാൻ ഒരിക്കലും ഇനി ഈ വഴി വരില്ല. ഇതിൽ ഉള്ളതെല്ലാം നിങ്ങൾ ഉപയോഗിച്ച് കൊള്ളൂ. ഞാൻ പോകുന്നു. നേരം പുലരുമ്പോൾ എനിക്ക് പട്ടണത്തിൽ എത്തണം. നന്ദി.. സ്നേഹിതാ..

നേരം പുലർന്നപ്പോൾ ജോനാഥന്റെ മകൻ ഉണർന്നു, അപ്പനെ അന്വേഷിച്ചു. പുറത്തു തിണ്ണയിൽ ഇരിക്കുന്ന പെട്ടികൾ തുറന്നു പരിശോധിക്കുന്ന അപ്പനെ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു. അപ്പാ  എന്താണ് ഇത്?

ജോനാഥൻ അവന്റെ കൈയിലേക്ക് ഒരു ടിൻ കൊടുത്തിട്ടു പറഞ്ഞു, ഇത് ആടിന്റെ ഇറച്ചി  ഉണക്കിയതാണ്‌. നിന്റെ അമ്മയോട് പറയു സൂപ്പ് ഉണ്ടാക്കി തരുവാൻ. അവൻ അതിശയിച്ചു !!

മകനെ… നിന്റെ അപ്പൻ എപ്പോളും പറയാറില്ലേ, ശ്രേഷ്ഠമായ സമ്മാനം ദൈവം നൽകുമെന്ന്. ഇതാണ് ദൈവം നമുക്കായി ഒരുക്കി തന്ന വലിയ സമ്മാനം. അരിവര്ഗങ്ങളും, കമ്പിളിയും , മൽസ്യ, മാംസാദികളും  എല്ലാം ഈ പെട്ടിയിൽ ഉണ്ട്.

മകനെ…ഇത് നൽകിയ ദൈവത്തിനു നന്ദി പറയൂ. ഇതിനേക്കാൾ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും എന്ന് എനിക്ക് വിശ്വാസം ഉണ്ട്.

ആ ടിന്നും കൊണ്ട് അടുക്കളയിലേക്കു ഓടുമ്പോൾ ആ മകന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു. ജോനാഥൻ എൽവി എന്ന ഈ നല്ല മനുഷ്യന്റെ ജീവിതം നമുക്ക് ഇന്നൊരു പാഠം ആകണം. ഒന്നിനെ കുറിച്ചും വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സ്തോത്രത്തോടെ നാഥനെ അറിയിക്കാം.. അവൻ എല്ലാറ്റിനും മതിയായവൻ ആണ്.

ഇന്നിനെക്കാൾ ശ്രേഷ്ഠമായ നല്ല നാളെക്കായി…

പ്രത്യാശയോടെ…കാത്തിരിക്കാം…

About Anu Philip